മണക്കാട് ദേവീക്ഷേത്രം പത്തനംതിട്ട ജില്ലയിൽ കൊടുമണ്‍-അങ്ങാടിക്കൽ ഗ്രാമത്തിൽ സ് ഥിതിചെയ്യുന്നു. എണ്ണൂറു വർഷങ്ങക്കു മേൽ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സർവാഭീഷ്ടവരദായിനിയായ ഭുവനേശ്വരീദേവി ഉപദേവതമാരോടൊപ്പം കുടികൊള്ളുന്നു. വിഗ്രഹത്തിൽ മഴയും വെയിലും മഞ്ഞും എല്ലാം പതിക്കത്തക്കവിധത്തിൽ ശ്രീകോവിൽ, മുല്ലപ്പന്തൽ രീതിയിൽ നിർമ്മിച്ചിരിക്കുന്നത്. ഗണപതി, ശിവൻ, നാഗദേവതകൾ, യക്ഷി, മുഹൂർത്തി, ചാമുണ്ഡി, യോഗീശ്വരൻ എന്നിവരാണ് ഉപദേവതകൾ. ക്ഷേത്ര ഊരാഴ്മാക്കാരായ പെരുംപള്ളിൽ ഇല്ലത്തെ രണ്ടു ശാഖക്കാരാണ് (പെരുംപള്ളിൽ ഇല്ലവും പെരുംപള്ളിൽ പടിഞ്ഞാറെ ഇല്ലവും) ക്ഷേത്രട്രസ്റ്റ് രൂപീകരിച്ചു ക്ഷേത്രഭരണവും നിത്യനിദാനവും കൊല്ലംതോറും മാറിമാറി പൂജയും നടത്തിവരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നായി ധാരാളം ഭക്തജനങ്ങൾ ദർശനത്തിനും ജന്മം തൊഴുവാനും ദുരിതനിവാരണത്തിനും ദേവിയുടെ അനുഗ്രഹപ്രാപ്ത്തിക്കും സന്താന സൗഭാഗ്യത്തിനുമായി ഇവിടെ എത്തിച്ചേരാറുണ്ട്. ആശ്രയിക്കുന്നവർക്ക് അഭയം നൽകുന്ന അമ്മ ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകി ആശ്വാസമേകുന്നു. മേൽക്കൂരയില്ലാത്ത ശ്രീകോവിലും ഇടതൂർന്ന കാവും ക്ഷേത്ര മതിക്കെട്ടിനുള്ളിലെ ഒരിക്കലുംവറ്റാത്ത തീർത്ഥക്കുളവും പുറത്ത് പൊതുജനങ്ങൾക്കായുള്ള കുളവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ശാന്തിക്കാർ മാത്രം കുളിക്കുന്ന, ശ്രീകോവിലിൽ നിന്നും തീർത്ഥവാഹിനിയുള്ള തീർത്ഥക്കുളത്തിൽ വർഷം മുഴുവനും താമരപ്പൂക്കൾ വിരിഞ്ഞു നില്ക്കുന്നു. പ്രശാന്തസുന്ദരവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷമാണ് ഇവിടത്തേത്. വൃശ്ചികമാസത്തിലെ തൃക്കാർത്തികയാണ് അമ്മയുടെ തിരുനാൾ.